പതാകയുയർന്നു; അന്താരാഷ്ട്ര മീലാദ് സമ്മേളനാരവങ്ങൾക്ക് തുടക്കം

അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സാദാത്തുക്കളുടെയും പണ്ഡിതരുടെയും നേതൃത്വത്തിൽ നഗരിയിൽ പതാകയുയർത്തുന്നു.

അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സാദാത്തുക്കളുടെയും പണ്ഡിതരുടെയും നേതൃത്വത്തിൽ നഗരിയിൽ പതാകയുയർത്തുന്നു.
കോഴിക്കോട്: തിരുനബിയുടെ 1501-ാമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മർകസിന്റെ നേതൃത്വത്തിൽ കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ വിളംബരമായി നഗരിയിൽ പതാകയുയർന്നു. ശനിയാഴ്ച നടക്കുന്ന സമ്മേളന ചടങ്ങുകൾക്ക് മുന്നോടിയായി വിവിധ വൈജ്ഞാനിക പരിപാടികളും ചർച്ചകളും മത്സരങ്ങളും ഇന്ന്(ചൊവ്വ) മുതൽ ആരംഭിക്കും.
സ്വപ്ന നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ വൈകുന്നേരം 5 ന് ആരംഭിക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിലെ പണ്ഡിതരും സാമൂഹിക-സാംസ്കാരിക നായകരും ദേശീയ നേതാക്കളുമാണ് അതിഥികൾ. ലോക പ്രശസ്ത പ്രകീർത്തന സംഘങ്ങളുടെ നബികീർത്തന സദസ്സും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ വാർഷിക മദ്ഹുർറസൂൽ പ്രഭാഷണവും സമ്മേളനത്തിന്റെ പ്രധാന ആകർഷണമാണ്. നഗരിയോട് ചേർന്ന് ഉച്ചക്ക് 12 മുതൽ വിവിധ ഖബീലകളിലെ സയ്യിദ് കുടുംബങ്ങൾ ഒന്നിക്കുന്ന സാദാത് സംഗമവും നടക്കും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന മെഗാ ദഫ് ഘോഷയാത്രയിൽ 1500 കലാപ്രതിഭകൾ അണിനിരക്കും.
സമ്മേളനത്തിന് മുന്നോടിയായി ഇന്ന്(ചൊവ്വ) വൈകുന്നേരം കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മഹബ്ബ റിട്രീറ്റ്, നാളെ(ബുധൻ) ഉച്ചക്ക് 2:30ന് കെ.പി കേശവമേനോൻ ഹാളിൽ അക്കാദമിക് സെമിനാർ, വ്യാഴാഴ്ച സീറ ക്വിസ്, സിയാറത്ത് തുടങ്ങിയ പരിപാടികളും നടക്കും.
ഇന്നലെ(തിങ്കൾ) വൈകുന്നേരം ട്രേഡ് സെന്ററിൽ നടന്ന പതാകയുയർത്തലിന് മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസിയുടെ സാന്നിധ്യത്തിൽ സ്വാഗതസംഘം ചെയർമാൻ സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ നേതൃത്വം നൽകി. സയ്യിദ് സ്വാലിഹ് ശിഹാബ് കുറ്റിച്ചിറ, സയ്യിദ് മുഹമ്മദ് ബാഫഖി, സയ്യിദ് മുല്ലക്കോയ തങ്ങൾ, ഹാമിദലി സഖാഫി പാലാഴി, വി.എം അബ്ദുറശീദ് സഖാഫി, അബ്ദുല്ല കരുവൻപൊയിൽ, അക്ബർ ബാദുഷ സഖാഫി, ഉനൈസ് മുഹമ്മദ്, ഷമീം കെ.കെ തുടങ്ങി പൗര പ്രമുഖരും സ്വാഗതസംഘം ഭാരവാഹികളും സംബന്ധിച്ചു.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം