ഉത്തരേന്ത്യൻ വിദ്യാഭ്യാസ വിപ്ലവത്തിന്റെ ഒന്നര പതിറ്റാണ്ട്; ബംഗാൾ മർകസ് ത്വൈബ ഗാർഡൻ വാർഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു
ബംഗാൾ മർകസ് ത്വൈബ ഗാർഡന്റെ 15-ാം വാർഷിക ആഘോഷങ്ങളുടെ ഔദ്യോഗിക ലോഗോ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ഉസ്താദ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പ്രകാശനം ചെയ്യുന്നു.
Markaz Live News
July 20, 2026
Updated
കോഴിക്കോട്: പശ്ചിമ ബംഗാളിലെയും പരിസര സംസ്ഥാനങ്ങളിലെയും പിന്നാക്ക ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ-സാമൂഹിക പുരോഗതിയിൽ നിർണായക പങ്കുവഹിക്കുന്ന ബംഗാൾ മർകസ് ത്വൈബ ഗാർഡന്റെ 15-ാം വാർഷിക ആഘോഷങ്ങളുടെ ഔദ്യോഗിക ലോഗോ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ഉസ്താദ് കാന്തപുരം എ പി. അബൂബക്കർ മുസ്ലിയാർ പ്രകാശനം ചെയ്തു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് ഇതോടെ ഔദ്യോഗിക തുടക്കമായി.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലമായി ബംഗാളിലെ ഗ്രാമീണ മേഖലകളിൽ വലിയ തോതിലുള്ള സാമൂഹിക മാറ്റങ്ങൾക്കാണ് മർകസു സഖാഫത്തി സുന്നിയ്യയുടെ കീഴിൽ പ്രവർത്തിക്കുന്ന ത്വൈബ ഗാർഡൻ നേതൃത്വം നൽകുന്നത്. ഗ്രാമങ്ങളിലെ പാവപ്പെട്ട വിദ്യാർഥികൾക്ക് അടിസ്ഥാന അക്ഷരവിജ്ഞാനം പകർന്നുനൽകി അവരെ ജീവിതത്തിന്റെ മുൻനിരയിലേക്ക് ഉയർത്തിക്കൊണ്ടുവരിക, യുവാക്കളെ നേതൃത്വ പദവികളിലേക്ക് വളർത്തിയെടുക്കുകയും, പിന്നീട് അവരിലൂടെ തന്നെ പിന്നാക്ക ഗ്രാമങ്ങളിൽ വിദ്യാഭ്യാസത്തിന്റെ വെളിച്ചം വ്യാപിപ്പിക്കുകയും ചെയ്യുക തുടങ്ങി സവിശേഷമായ പ്രവർത്തന രീതിയാണ് ത്വൈബ ഗാർഡൻ സ്വീകരിച്ചിക്കുന്നത്.
15-ാം വാർഷികത്തോടനുബന്ധിച്ച് വരും മാസങ്ങളിൽ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. സെമിനാറുകൾ, വിദ്യാഭ്യാസ കോൺഫറൻസുകൾ, വിപുലമായ ജീവകാരുണ്യ പദ്ധതികൾ, സാംസ്കാരിക സമ്മേളനങ്ങൾ, പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തന മികവും ഗുണനിലവാരവും ഉയർത്തുന്നതിനായി 'മാനേജ്മെന്റ് അസോസിയേഷൻ' രൂപീകരണം, മഹല്ല് ശാക്തീകരണ പരിപാടികൾ, കമ്മിറ്റി സംഗമങ്ങൾ തുടങ്ങിയവ ഇതിൻറെ ഭാഗമായി നടക്കും. ലോഗോ പ്രകാശന ചടങ്ങിൽ മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ത്വൈബ ഗാർഡൻ ഡയറക്ടർ സുഹൈറുദ്ദീൻ നൂറാനി, ചീഫ് പാട്രൺ ഇംതിയാസ് അഹമ്മദ് കൊൽക്കത്ത തുടങ്ങിയവർ സംബന്ധിച്ചു.