മർകസ് ലോ കോളേജ് എൻ എസ് എസ് യൂണിറ്റ് പഠനോപകരണങ്ങൾ വിതരണം ചെയ്തു
മർകസ് ലോ കോളേജ് എൻ എസ് എസ് യൂണിറ്റ് നൂറാംതോട് എ എം എൽ പി സ്കൂളിലെ വിദ്യാർഥികൾക്ക് നൽകുന്ന പഠനോപകരണങ്ങൾ ലോ കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സി. അബ്ദുൽ സമദ് സ്കൂളിലെ അധ്യാപകർക്ക് കൈമാറുന്നു.
Markaz Live News
June 09, 2026
Updated
നോളജ് സിറ്റി:മർകസ് ലോ കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നൂറാംതോട് എ എം എൽ പി സ്കൂളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിദ്യാർഥികൾക്ക് വിദ്യാഭ്യാസ പിന്തുണ ഉറപ്പാക്കുന്നതിനും പഠനാന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയത്.
പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം മർകസ് ലോ കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സി. അബ്ദുൽ സമദ് നിർവഹിച്ചു. വിദ്യാർഥികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് സമൂഹത്തിന്റെ പിന്തുണ അനിവാര്യമാണെന്നും സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർഥികളിൽ ആത്മവിശ്വാസം വളർത്താൻ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്കൂൾ പ്രധാന അധ്യാപിക ഫാത്തിമ നജ്മു, അധ്യാപകരായ മുഹമ്മദ്, റുബീന, ഫസലുറഹ്മാൻ, റഹീസ എന്നിവർ ചേർന്ന് ഉപകരണങ്ങൾ സ്വീകരിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. ഇബ്രാഹീം മുണ്ടക്കൽ സ്വാഗതവും വളണ്ടിയർ സെക്രട്ടറി ജുമൈലത്ത് കാസർഗോഡ് നന്ദിയും പറഞ്ഞു. സ്കൂൾ അധ്യാപകരും എൻ എസ് എസ് വളണ്ടിയർമാരും പരിപാടിയിൽ പങ്കെടുത്തു.
സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളുമായി സഹകരിച്ച് വിദ്യാഭ്യാസ- സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുമെന്ന് എൻഎസ്എസ് യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു.