1. സി. റജാ നൗറിൻ 2. മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഭിന്നശേഷി വിദ്യാർഥി സി. റജാ നൗറിൻ വരച്ച കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി എസ് അമൃത പ്രകാശനം ചെയ്യുന്നു.
Markaz Live News
October 16, 2026
Updated
കാരന്തൂർ: നവംബർ 25 മുതൽ ഡിസംബർ 3 വരെ മുക്കത്ത് നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ രൂപകല്പനയിൽ മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഭിന്നശേഷി വിദ്യാർഥി സി. റജാ നൗറിൻ വരച്ച ലോഗോക്ക് ഒന്നാം സ്ഥാനം. ആദ്യമായാണ് ഭിന്നശേഷി വിദ്യാർഥിയുടെ ലോഗോ തിരഞ്ഞെടുക്കപ്പെടുന്നത്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി എസ്. അമൃത ലോഗോ പ്രകാശനം ചെയ്തു.
ഭിന്നശേഷി വിദ്യാർഥികൾക്ക് മാത്രമായിരുന്നു ഇത്തവണ ലോഗോ രൂപകൽപന മത്സരം. സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥി യായ റജാ നൗറിന് ജന്മനാ വലതു കൈയില്ല. ഇടതുകൈ കൊണ്ടാണ് ഈ കലാകാരി വിസ്മയ ലോഗോ വരച്ചത്. സ്കൂൾ സ്പെഷൽ എഡുക്കേറ്റർ കെ ജയശ്രീ, കലാ അധ്യാപിക കെ പ്രീത എന്നിവരാണ് കുട്ടിയുടെ സർഗശേഷി തിരിച്ചറിഞ്ഞ് പ്രോത്സാഹനവും മാർഗനിർദേശവും നൽകിയത്. ഭിന്നശേഷിക്കാരായ പതിനേഴോളം പേരുടെ എൻട്രികളിൽ നിന്നാണ് റജാ നൗറിൻ്റെ ലോഗോക്ക് ഒന്നാം സ്ഥാനം ലഭിച്ചത്.
പ്രധാനാധ്യാപകൻ നിയാസ് ചോലയുടെ നേതൃത്വത്തിൽ സ്കൂൾ ആർട്ട് ക്ലബിനു കീഴിൽ നടന്നു വരുന്ന സർഗാത്മക ഉണർത്തു പദ്ധതിയിലും മുള ദിനാചരണ പരിപാടികളിലും ചിത്രം വരച്ച് ഈ മിടുക്കി ശ്രദ്ധ നേടിയിരുന്നു. ഭിന്നശേഷി കുട്ടികളുടെ കഴിവുകൾ പൊതുസമൂഹത്തിന് മുന്നിൽ അടയാളപ്പെടുത്താനും അവരെ കലോത്സവത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ലക്ഷ്യമിട്ട ഈ വേറിട്ട ചിന്തക്ക് വലിയ അംഗീകാരവും ലഭിച്ചു. ലോഗോ പ്രകാശന ചടങ്ങിൽ കലോത്സവ പബ്ലിസിറ്റി കൺവീനർ പി.സതീഷ് കുമാർ, കായികമേള റിസപ്ഷൻ കമ്മിറ്റി കൺവീനർ ഷാനവാസ്, ആർ ഡി എസ് ജി എ സെക്രട്ടറി ആശിഷ്, ബി ആർ സി ട്രൈനർ സുജിത്ത്, ഡി ഡി ഇ ഓഫീസ് സൂപ്രണ്ട് പി ബിജീഷ്, സെക്ഷൻ ക്ലാർക്ക് പി നൗഷാദ് അലി എന്നിവർ സംസാരിച്ചു. വെള്ളിപറമ്പ് ചോലയിൽ റഷീദ്-ഖദീജ ദമ്പതികളുടെ മകളാണ് റജാ നൗറിൻ.