അനുചരരോടൊപ്പമുള്ള നടത്തത്തിനിടയിൽ, തിരുനബി(സ്വ) ഉണങ്ങിക്കരിഞ്ഞ ഒരു മരത്തിന്റെ താഴെയെത്തി. കൈയിലുണ്ടായിരുന്ന വടി കൊണ്ട് തങ്ങൾ മരത്തിലൊന്ന് അടിച്ചു. അതിന്റെ ഇലകൾ ഓരോന്നായി കൊഴിഞ്ഞു വീണു. തിരുദൂതർ(സ്വ) പറഞ്ഞു: ഈ ഇലകൾ പൊഴിയുന്നത് കണക്കെ, ഹംദും തസ്ബീഹും തഹ്ലീലും തക്ബീറും കാരണം മനുഷ്യന്റെ പാപങ്ങൾ അടർന്നു വീഴും. എത്ര സഫലമായാണ് തങ്ങൾ ആശയങ്ങൾ കൈമാറ്റം ചെയ്യുന്നതെന്ന് നോക്കൂ. തിരുനബി(സ്വ)യുടെ ചരിത്രം പഠിക്കുമ്പോൾ ബോധ്യപ്പെടുന്ന ഏറ്റവും വലിയ സവിശേഷതകളിലൊന്ന് അവിടത്തെ ആശയ സംവേദനവും സംസാര ശൈലിയും ശബ്ദ നിയന്ത്രണവുമായിരിക്കും.
വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ മൂന്ന് തവണ ആവർത്തിക്കും. ശ്രോതാവിന് മനസ്സിലാകാത്ത വിധം ചുരുക്കുകയോ അനാവശ്യമായി ദീർഘിപ്പിക്കുകയോ ഇല്ല. ആവശ്യത്തിന് മാത്രം സംസാരം. അല്ലാത്തപ്പോൾ മൗനം. ധൃതിപ്പെടാതെ, സ്ഫുടമായി നിർത്തി നിർത്തിയുള്ള പറച്ചിലാണ് മുത്ത് നബി(സ്വ) യുടേത്. അക്ഷരങ്ങൾ വ്യക്തമായി കേൾക്കും. ആശയക്കുഴപ്പങ്ങൾക്ക് ഇട വരില്ല. ആരെയും വേദനിപ്പിക്കുന്ന ഒന്നും മിണ്ടില്ല. ചോദ്യം ചോദിച്ച് ശിഷ്യരുടെ ശ്രദ്ധ ഉറപ്പിച്ചതിനു ശേഷമാണ് പലപ്പോഴും പ്രധാനപ്പെട്ട അറിവുകൾ പകരുക. ചിലപ്പോൾ പിന്നെ പറയാമെന്ന മട്ടിൽ പറയാതിരിക്കുക വരെ ചെയ്യും. സ്വഹാബത് അത് മറക്കാതെ ചോദിക്കുകയും അപ്പോൾ തങ്ങൾ പഠിപ്പിച്ചു കൊടുക്കുകയും ചെയ്യും.
അമിതമായി ഒച്ചയെടുക്കാറുണ്ടായിരുന്നില്ല. ഒരിക്കൽ ഒരു യാത്രയിൽ അനുചരർ ആവേശഭരിതരായി ശബ്ദമുണ്ടാക്കിയ വേളയിൽ, എന്തിനാണിത്ര ശബ്ദം എന്ന അർഥത്തിൽ തിരുനബി(സ്വ) ഉപദേശിച്ചു: നിങ്ങൾ നിങ്ങളുടെ തടി കാക്കുക. നിങ്ങൾ വിളിക്കുന്നവൻ ചെവി കേൾക്കാത്തവനോ വിദൂരതയിലുള്ളവനോ അല്ല. അല്ലാഹു എല്ലാം കാണുന്നവനും കേൾക്കുന്നവനും സദാ നിങ്ങളോടൊപ്പം തന്നെയുള്ളവനുമാണ്.
എന്തിനാണ് തിരുനബി(സ്വ)യുടെ ഓരോ ഗുണങ്ങളെ കുറിച്ചും നാം ഇത്രമാത്രം ഗഹനമായി ചർച്ച ചെയ്യുന്നത്? മാനുഷിക സ്വഭാവങ്ങളിൽ ഏറ്റവും ഉത്കൃഷ്ടമായ വിശേഷണങ്ങൾ മാത്രമാണ് തിരുനബി(സ്വ)ക്ക് ഉണ്ടാവുക. അല്ലാഹുവിൽ നിന്നുള്ള വഹ്യ് പ്രകാരമല്ലാതെ അവിടന്ന് ഒന്നും അരുളിയിട്ടില്ല. അതായത്, പാപസുരക്ഷിതരായ അന്ത്യദൂതരെക്കാൾ വലിയോ മാതൃക നമുക്ക് ലഭ്യമല്ല. അല്ലാഹുവിനെ അനുസരിക്കാനുള്ള ഏക മാർഗം തിരുനബി(സ്വ) യെ അനുധാവനം ചെയ്യൽ മാത്രമാണ്. ഏറ്റവും നല്ല മനുഷ്യനായിത്തീരാനുള്ള മാനദണ്ഡവും മറ്റൊന്നല്ല.
(എസ്. വൈ. എസ് സംസ്ഥാന പ്രസിഡന്റും ജാമിഉൽ ഫുതൂഹ്-ഇന്ത്യൻ ഗ്രാൻഡ് മസ്ജിദ് ഇമാമുമാണ് ലേഖകൻ)