ഈയിടെ ഫലസ്തീനിൽ നിന്നുള്ള ഒരു യുവതിയുടെ കഥ കേൾക്കുകയുണ്ടായി. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങൾക്കും വംശഹത്യക്കുമിടയിൽ, ഒരു രാവിൽ തിരുനബി(സ്വ)യെ സ്വപ്നം കാണുന്നതാണ് അനുഭവം. മുറിവേറ്റവരും അവശരുമായ ഒരു കൂട്ടം ജനങ്ങളെ നബിയോർ കൈപിടിച്ചു കയറ്റുന്നു. അവിടുത്തെ തിരുസ്പർശത്താൽ അവരെല്ലാം സുഖം പ്രാപിക്കുന്നു. അവരുടെ മുഖങ്ങൾ പ്രകാശിക്കുന്നു. പുതുജീവൻ ലഭിക്കുന്നു.
വലിയ സന്ദേശവും ആശ്വാസവുമാണ് ഈ അനുഭവും മുന്നോട്ട് വെക്കുന്നതെന്ന് തോന്നി. തിരുനബി(സ്വ) നമുക്കാരാണ് എന്ന് അറിയലാണ് അവിടുത്തെ മനസ്സിലാക്കുന്നതിന്റെയും സ്നേഹിക്കുന്നതിന്റെയും ആദ്യ പടികളിലൊന്ന്. നിങ്ങളോടു വളരെ പിരിശമുള്ള, നിങ്ങൾ പ്രയാസപ്പെടുന്നത് വിഷമിക്കുന്ന തിരുദൂതരെന്നാണ്(9: 128) ഖുർആൻ നബി(സ്വ)യെ കുറിച്ച് നൽകുന്ന അതിമനോഹരമായ വിശേഷണങ്ങളിലൊന്ന്. കാരുണ്യത്തിന്റെ മനുഷ്യരൂപമായ നബി(സ്വ) അങ്ങനെയായില്ലെങ്കിലല്ലേ ഒള്ളൂ. എന്റെ മരണശേഷവും നിങ്ങളെ ഞാൻ കാണുമെന്നും നിങ്ങളുടെ നന്മകളിൽ സന്തോഷിക്കുമെന്നുമെല്ലാം നമുക്ക് ആശ്വാസം പകരുന്നുണ്ട് തിരുദൂതർ. നബി(സ്വ)യെക്കുറിച്ചുള്ള ഖുർആനിക പാഠങ്ങളും തിരുവചനകളുമെല്ലാം നമ്മോട് പറയുന്നത് എത്രമാത്രം പ്രതീക്ഷാനിർഭരമാണ് നമ്മുടെ ഇരു ലോകത്തെയും ഇടപാടുകളെന്നാണ്; തിരുനബി(സ്വ)യല്ലാതെ മറ്റൊന്നുമല്ല ഈ പ്രതീക്ഷക്കാധാരം എന്നും. ഇങ്ങനെ, ഇരുലോകത്തും മുത്ത് നബി(സ്വ) നമ്മെ കൈപിടിക്കുമെന്ന പ്രതീക്ഷയാണ് നമുക്ക് അവിടുത്തോടുള്ള സ്നേഹത്തിന്റെ ആധാരശിലകളിലൊന്ന്. തിരുനബി(സ്വ)യിൽ പ്രതീക്ഷ വെക്കൂ, നാം രക്ഷപ്പെടും. ഏതൊരു പ്രയാസമോ അക്രമമോ ഈ രക്ഷാകവചത്തിനു പുറത്തല്ല.
എത്രമാത്രം കൈപ്പേറിയ ജീവിതാനുഭവങ്ങളാണ് തിരുനബി(സ്വ)ക്ക് നേരിടാനുണ്ടായിരുന്നതെന്ന് ഓർത്തു നോക്കൂ. അന്നേരങ്ങളിലെല്ലാം അവിടുന്ന് സംസാരിച്ചതും കൂടെയുള്ളവർക്ക് ആശ്വാസം പകർന്നതും എത്ര മനോഹരമായാണെന്ന് നമുക്ക് കാണാം. മദീനയിലേക്കുള്ള പലായനത്തിനിടെ, ഗുഹാമുഖത്ത് ശത്രുവിന്റെ കാൽപ്പെരുമാറ്റവും ആയുധ സീൽക്കാരവും കേട്ടപ്പോഴും, ഒരു പേടിയും വേണ്ട, അല്ലാഹു കൂടെയുണ്ട് എന്നതായിരുന്നു അവിടുത്തെ ഭാഷ്യം. തിരുനബി(സ്വ)യുടെ അനുയായികളെന്ന നിലക്ക്, ആയിരത്തിൽ പരം സംവത്സരങ്ങൾക്കിപ്പുറത്തു നിൽക്കുന്ന നാം പോലും അനുഭവിക്കുന്ന സുരക്ഷിതത്വവും പ്രത്യാശകളും ആ ഗുഹയ്ക്കകം വരെയും നീണ്ടു കിടക്കുന്നില്ലേ എന്നു ചിന്തിച്ചുനോക്കൂ !
അനുചരരുടെ എത്രയെത്ര പ്രയാസങ്ങളാണ് നബി(സ്വ) ജീവിതകാലത്തും ശേഷവും അകറ്റിയത്. പലപ്പോഴും കേവല സാന്നിധ്യം കൊണ്ട്, വാക്കു കൊണ്ട്, ഒരു തിരുസ്പർശം കൊണ്ട് അങ്ങനെ പല വിധേനയും. അക്കൂട്ടത്തിൽ കടം കൊണ്ട് വലഞ്ഞവർ മുതൽ കണ്ണു പറിഞ്ഞു തൂങ്ങിയവർ വരെയുണ്ടായിരുന്നു. എത്രയെത്ര അക്രമങ്ങളും അടിച്ചമർത്തലുകളുമാണ് തിരുദൂതരുടെ ഉമ്മത്ത് മറികടന്നത്, അവയിൽ യുദ്ധങ്ങളും പട്ടിണിക്കിടലുകളും തുടങ്ങി എല്ലാമുണ്ട്. എല്ലാത്തിലും തിരുനബി(സ്വ)യുടെ ഭൗതികമോ അഭൗതികമോ ആയ സാന്നിധ്യവും സഹായവും അവർക്കെല്ലാം തുണയായി. നമ്മുടെ പ്രശ്നങ്ങളിൽ, അത് വ്യക്തിയെന്ന നിലയിൽ നാം അനുഭവിക്കുന്ന വേദനകളോ, മനുഷ്യ സമൂഹമെന്ന നിലയിൽ കടന്നുപോകുന്ന പ്രയാസങ്ങളോ ആവട്ടെ, അവയിലും നമുക്കാശ്വാസമായി തിരുനബി(സ്വ) വരും എന്ന പ്രതീക്ഷയാണ് നമ്മെ മുന്നോട്ടു നയിക്കേണ്ടത്.
ജീവിതത്തിലും മരണത്തിലും നമുക്ക് പ്രതീക്ഷ നൽകികൊണ്ടാണ് തിരുദൂതർ(സ്വ) ജീവിച്ചത്. ആ പ്രതീക്ഷകളുടെ കൂടെ ഓർമപ്പെടുത്തലാണ് ഓരോ റബീഉം. പ്രയാസങ്ങളും പരീക്ഷണങ്ങളുമില്ലാതെ ഒരു കാലവും വിശ്വാസി സമൂഹത്തിന് ഉണ്ടായിട്ടില്ല. അവ ഇക്കാലഘട്ടത്തിന്റെ മാത്രം പ്രത്യേകതയല്ല. എല്ലാ കാലത്തും, എല്ലാ കഷ്ടതകൾക്കിടയിലും നമ്മുടെ പിടിവള്ളി മുത്ത് നബിയാണ്. അവിടുത്തെയല്ലാതെ മറ്റാരിലും ആശ വെക്കാനില്ല, തിരുനബി(സ്വ)യോടു കൂറുണ്ടെങ്കിൽ പിന്നെ ഇരുലോകത്തും പ്രതീക്ഷയാണ് എന്നൊക്കെ പാടിയും പറഞ്ഞും കഴിഞ്ഞുപോയ ഒട്ടേറെ കവികളെയും പണ്ഡിതരെയും ചരിത്രത്തിലെമ്പാടും കാണാം. നബി(സ്വ)യെ മദ്ഹ് ചെയ്യുന്നതിലുള്ള നമ്മുടെ പ്രതീക്ഷകളിലൊന്ന് ഇരുലോകത്തെ പ്രയാസങ്ങൾ നീങ്ങിപ്പോകലാണല്ലോ. ഖസീദതുൽ ബുർദ മുതൽ മൻഖൂസ് മൗലിദ് വരെയുമുള്ള അനുഭവങ്ങൾ അതാണല്ലോ നമ്മെ പഠിപ്പിക്കുന്നത്. ഏത് കഷ്ടതകളും നമുക്ക് നബി(സ്വ)യുടെ മദ്ഹ് പാടലും പറയലും എഴുതലും വായിക്കലും ചിന്തിക്കലുമെല്ലാം ഇനിയും അധികരിപ്പിച്ചുകൊണ്ടേയിരിക്കാനുള്ള സൂചനകളാണ്, ഒട്ടും കുറയ്ക്കാനല്ല എന്ന് കൂടെ കൂട്ടത്തിൽ ഓർമപ്പെടുത്തട്ടെ.
തിരുനബി(സ്വ) നമുക്കേവർക്കും എല്ലാ കാലത്തും പ്രതീക്ഷയുടെ വിളക്കുമാടമായി ജീവിച്ചു കാണിച്ചു തന്നുകൊണ്ടേയിരിക്കുന്നു. അവിടെ തീരുന്നില്ല നമുക്കുള്ള പാഠം. നബിയോർ ജീവിച്ച പോലെ ജീവിക്കാൻ ശ്രമിക്കുക എന്നത് ഒരു വിശ്വാസിയുടെ അടിസ്ഥാന ഉത്തരവാദിത്തങ്ങളിലൊന്നാണ്. അത് ചുറ്റുമുള്ള മനുഷ്യർക്ക് ആശയാവുക എന്ന കാര്യത്തിലുമതേ. ജാതിമത ഭേദമന്യേ എല്ലാവർക്കും പ്രതീക്ഷയുടെ തുരുത്താകണം നമ്മൾ. പ്രാർഥന കൊണ്ടും പ്രവർത്തനം കൊണ്ടുമതേ.
നാമെന്ന വ്യക്തികൾ മാത്രമല്ല, നമ്മുടെ ഗ്രാമങ്ങൾ, നമ്മുടെ നഗരങ്ങൾ, നാം നേതൃത്വം നൽകുന്ന സ്ഥാപനങ്ങൾ എല്ലാം അങ്ങനെയാവണം. ചുറ്റിലേക്കും കണ്ണോടിക്കുക, വേദനിക്കുന്നവരെ കാണുക, കൈ പിടിക്കുക.
ചുരുക്കത്തിൽ രണ്ടു കാര്യങ്ങളാണ് വിശുദ്ധ റബീഇന്റെ ഈ പൂമുഖത്ത് എനിക്ക് പ്രിയപ്പെട്ട സഹോദരങ്ങളോട് ഓർമപ്പെടുത്താനുള്ളത്. ഒന്ന്, നമ്മുടെ മുൻഗാമികൾ ചെയ്തത് പോലെ തിരുദൂതരിൽ അങ്ങേയറ്റത്തെ പ്രതീക്ഷയുള്ളവരാവുക. നബിയാണ് നമ്മുടെ രക്ഷയെന്ന് അടിയുറച്ചു വിശ്വസിക്കുകയും അവിടുത്തെ സ്നേഹിക്കുകയും ചെയ്യുക. രണ്ട്, നമ്മുടെ ചുറ്റുമുള്ളവർക്ക് കൂടെ ആ പ്രതീക്ഷ പകർന്നു കൊടുക്കുക. മറ്റൊരു തരത്തിൽ പറഞ്ഞാൽ സ്വയം നാം പ്രതീക്ഷയായി മാറുക. ദുരിതമനുഭവിക്കുന്ന എല്ലാവർക്കും, ഫലസ്തീനിലും അല്ലാത്തിടങ്ങളിലുമുള്ളവർക്കെല്ലാം, തിരുദൂതരുടെ കരുണാമയമായ സാന്നിധ്യം കൊണ്ട് അല്ലാഹു ആശ്വാസം നൽകട്ടെ, ആമീൻ.
(ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമാണ് ലേഖകൻ)