നമ്മൾ മനുഷ്യരുടെ മാറ്റത്തെ അംഗീകരിക്കാറുണ്ടോ? തിന്മകളിൽ അഭിരമിച്ചും മനുഷ്യർക്ക് ഉപദ്രവം മാത്രം ചെയ്തും ജീവിച്ചിരുന്ന ഒരു വ്യക്തി മാനസാന്തരപ്പെടുകയും പശ്ചാത്തപിക്കുകയും ഇനി തെറ്റുകൾ ആവർത്തിക്കുകയില്ലെന്ന് വാക്ക് തരികയും ചെയ്താൽ നമുക്ക് അയാളെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ സാധിക്കുമോ? അതോ ഒരു സംശയത്തിന്റെ നിഴൽ അയാളുടെ മേൽ എപ്പോഴും ബാക്കിയാകുമോ? അയാളുടെ ഭൂതകാലത്തെ ചൊല്ലി നമ്മൾ അയാളെ എത്ര കാലം വേട്ടയാടാൻ സാധ്യതയുണ്ട്?
മുഹമ്മദ് നബിയോട് പ്രബോധന പ്രവർത്തനങ്ങൾ ആരംഭിച്ച സമയത്ത് ഏറ്റവുമധികം ശത്രുത പുലർത്തിയിരുന്ന വ്യക്തികളിൽ ഒരാളായിരുന്നു ഉമർ ബിൻ ഖത്വാബ്. ഒരു ഘട്ടത്തിൽ മുഹമ്മദ് നബിയെ വധിക്കാൻ വേണ്ടി പ്രമാണിമാരുടെ പക്കൽ നിന്നും പാരിതോഷികം വരെ പറഞ്ഞുറപ്പിച്ച് വാളെടുത്ത് പുറപ്പെട്ടിരുന്നു ഉമർ. അതിനിടയിലാണ് തന്റെ സഹോദരിയായ ഫാത്വിമയുടെ ഖുർആൻ പാരായണം കേട്ട് ഉമറിന് മാനസാന്തരം സംഭവിക്കുന്നതും മുഹമ്മദ് നബിയെ അംഗീകരിക്കുന്നതും.
ഉമറിന്റെ തുടർന്നുള്ള ചരിത്രം ഏറെ ശ്രദ്ധേയമാണ്. അക്കാലത്തെ ഏറ്റവും വലിയ പോരാളിയും ധീരനുമായിരുന്ന ഉമർ, പിന്നീടൊരു നിഴൽ പോലെ മുഹമ്മദ് നബിയുടെ കൂടെത്തന്നെ ഒരു കാവലായുണ്ടായിരുന്നു. അരാജകത്വം നിറഞ്ഞ ഒരു സംസ്കാരത്തിൽ നിന്ന് ഉമർ ഏറ്റവും ഉദാത്തമായ ജീവിതരീതിയിലേക്ക് പരിവർത്തനപ്പെട്ടു. ജനങ്ങൾ വെറുത്തിരുന്ന ഉമർ, പിന്നീട് അദ്ദേഹത്തേക്കാൾ മികച്ച മനുഷ്യരെ കാണാൻ കഴിയാത്ത വിധം ഉയർന്ന സ്ഥാനം കരസ്ഥമാക്കി. മുഹമ്മദ് നബിക്കു ശേഷമുള്ള ഇസ്ലാമിക സമൂഹത്തിന്റെ രണ്ടാം ഭരണാധികാരിയായി വരെ അദ്ദേഹം വളർന്നു.
മുഹമ്മദ് നബി, നന്മയിലേക്ക് മാറാനുള്ള മനുഷ്യരുടെ ആഗ്രഹത്തെ അംഗീകരിക്കുകയും അവരുടെ കഴിഞ്ഞ കാല ചെയ്തികളെ എടുത്തു പറഞ്ഞ് അപഹസിക്കാതിരിക്കുകയും ചെയ്തതാണ്, ഉമറിനെപ്പോലെയുള്ള കോടിക്കണക്കിന് മനുഷ്യരുടെ ആത്മീയവും സാംസ്കാരികവുമായ പുരോഗതിയുടെ മൂലകാരണം. സ്വന്തം പിതൃ സഹോദരനും താങ്ങും തണലുമായിരുന്ന ഹംസയുടെ മരണത്തിന് കാരണക്കാരിയായ ഹിന്ദ് നന്മയുടെ പാതയിലേക്ക് കടന്നു വന്നപ്പോഴും, അവരുടെ നന്മയോടുള്ള ആഗ്രഹത്തെ ഉൾക്കൊള്ളുക എന്നതായിരുന്നു മുഹമ്മദ് നബി സ്വീകരിച്ച നിലപാട്. കാരണം, ആത്യന്തികമായി എല്ലാവരും നന്മയുടെ വക്താക്കളാവുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. വൈയക്തിക താത്പര്യത്തിന്റെയും താത്പര്യക്കുറവിന്റെയുമെല്ലാം സ്ഥാനം ആ ലക്ഷ്യത്തിനു ശേഷം മാത്രമാണ്.
മനുഷ്യരെല്ലാം ശുദ്ധ പ്രകൃതത്തോടെയാണ് ജനിക്കുന്നത് എന്നാണ് മുഹമ്മദ് നബി മുന്നോട്ടു വെച്ച കാഴ്ചപ്പാട്. എല്ലാവരുടെയും അഭിമാനത്തിനും വ്യക്തിത്വത്തിനും വില കൽപ്പിക്കേണ്ടത് അനിവാര്യമാണെന്ന് അവർ സമൂഹത്തെ പഠിപ്പിച്ചു. ആരാണ് മുസ്ലിം എന്ന് മുഹമ്മദ് നബി നിർവചിക്കുന്നുണ്ട്; മറ്റുള്ളവരെ വാക്കു കൊണ്ടും പ്രവൃത്തി കൊണ്ടും വേദനിപ്പിക്കാത്തവർ. എത്ര മഹത്തായ ആശയമാണത്! ലോക സമാധാനത്തിനും ഐക്യത്തിനും ശക്തി പകരാൻ ഇതിലും വലിയ സന്ദേശമെന്താണുള്ളത്? "നമുക്ക് വേണമെന്ന് ആശിക്കുന്ന ഗുണങ്ങൾ നമ്മുടെ സഹോദരനും ലഭിക്കണമെന്ന് ആഗ്രഹിക്കുന്നത് വരെ ഒരാൾ പൂർണ വിശ്വാസിയാകുന്നില്ല" എന്ന തിരുവധ്യാപനം ഇതിന് അടിവരയിടുന്നു. ഇതു തന്നെയാണ് ശ്രീനാരായണ ഗുരു പിന്നീട് ആവർത്തിച്ചത്: "അവനവനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം." ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ടാകരുത് എന്ന ഹാനീ തത്വത്തിലൂടെ ജെ.എസ് മില്ലും പറയാൻ ശ്രമിച്ചത് ഇതേ ആദർശമായിരുന്നു. ലോകമെമ്പാടും പിന്നീട് സംഭവിച്ചിട്ടുള്ള മനുഷ്യാവകാശ പ്രഖ്യാപനങ്ങളിലും പ്രമേയങ്ങളിലും മുഹമ്മദ് നബിയുടെ അധ്യാപനങ്ങളുടെ സ്വാധീനം കാണാൻ കഴിയും.
മനുഷ്യാവകാശ പ്രഖ്യാപനങ്ങളിൽ, ആഗോളാടിസ്ഥാനത്തിൽ ഏറ്റവും മഹത്തായ ചരിത്ര നിമിഷങ്ങളിലൊന്ന് മുഹമ്മദ് നബിയുടെ അവസാന ഹജ്ജ് വേളയിലെ അറഫാ പ്രഭാഷണമാണ്. മറ്റൊരാളുടെ ജീവനും സമ്പത്തും അഭിമാനവും പവിത്രമാണെന്ന് അന്ന് ആയിരക്കണക്കിന് മനുഷ്യരെ സാക്ഷിയാക്കി അവിടന്ന് പ്രഖ്യാപിച്ചു. നിറത്തിന്റെ പേരിലോ ഗോത്രത്തിന്റെ പേരിലോ ആർക്കും ആരേക്കാളും മഹത്വമില്ലെന്നും അന്ന് വിളംബരം നടന്നു. ഗോത്രമഹിമയും കുലമഹിമയും പറഞ്ഞ് വർഷങ്ങളായി കലഹിക്കുകയും യുദ്ധം ചെയ്യുകയും ചെയ്തിരുന്ന ഒരു സമൂഹത്തെ സാഹോദര്യത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ചരടിൽ ഒന്നായി കോർത്ത ശേഷമാണ് ഈ പ്രഖ്യാപനങ്ങൾ സംഭവിക്കുന്നതെന്നോർക്കണം.
ഒരു സാമൂഹ്യ പരിഷ്കർത്താവ് എന്ന നിലയിൽ മുഹമ്മദ് നബിയെ മറ്റാരേക്കാളും വ്യത്യസ്തനാക്കാൻ വേറെയും കാരണങ്ങളുണ്ട്. അന്നത്തെ സാമൂഹിക വ്യവസ്ഥയിൽ ഉയർന്നതെന്ന് കണക്കാക്കപ്പെട്ടിരുന്ന ഗോത്രം, നിറം, പൗരുഷം, സ്വാതന്ത്ര്യം തുടങ്ങി സകല പദവികളുമുണ്ടായിരുന്ന വ്യക്തിയായിരുന്നു മുഹമ്മദ് നബി. എന്നിട്ടും, ഓരോ സാമൂഹിക തിന്മകൾക്കെതിരെയും തുറന്നു സംസാരിക്കാനും അവയെല്ലാം തെറ്റാണെന്ന് ഉറക്കെ പറയാനും സാധിച്ചതാണ് മുഹമ്മദ് നബിയെ വേറിട്ടു നിർത്തുന്നത്. അതിന്റെ കാരണം തിരുജീവിതത്തിന്റെ നിഷ്കളങ്കതയും സത്യസന്ധതയുമായിരുന്നു.
മുഹമ്മദ് നബിയുടെ ആശയങ്ങളെ അംഗീകരിക്കാതിരുന്നവർ പോലും, ശത്രുത പുലർത്തിയിരുന്ന അതേസമയം തന്നെ, അവരുടെ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കാനായി തിരുസമക്ഷമാണ് ഏൽപ്പിച്ചിരുന്നത്. അവരുടെ വിശ്വസ്തതയായിരുന്നു അതിന് കാരണം. ആരെയും ഒന്നിന്റെ പേരിലും ചതിക്കുകയോ കബളിപ്പിക്കുകയോ ചെയ്യുന്ന ആളല്ല മുഹമ്മദ് എന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു. തന്നെ ഏൽപ്പിച്ച ഈ സൂക്ഷിപ്പു സ്വത്തുക്കൾ അതിന്റെ ഉടമസ്ഥർക്കു തന്നെ തിരികെ നൽകാനുള്ള ദൗത്യം അലിയ്യ് ബിൻ അബീ ത്വാലിബിനെ ഏൽപ്പിച്ച ശേഷമാണ് മുഹമ്മദ് നബി മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്യുന്നത്.
വിശ്വസ്തൻ എന്നർത്ഥം വരുന്ന "അൽഅമീൻ" എന്നാണ് മക്കയിലുള്ളവർ മുഹമ്മദ് നബിയെ വാത്സല്യത്തോടെ വിളിച്ചിരുന്നത്. ബാല്യം മുതലുള്ള തിരുജീവിതം അത്രമേൽ സുതാര്യവും ശ്ലാഘനീയവുമായിരുന്നു. മുഹമ്മദ് നബിയുടെ ജീവിതത്തിന്റെ ഓരോ ഏടുകളും ലോകത്തിനു നൽകുന്ന സന്ദേശം സത്യത്തെയും നന്മയെയും സഹജീവി സ്നേഹത്തെയും മുറുകെ പിടിക്കണമെന്നായിരുന്നു, കാരുണ്യമാണ് മനുഷ്യന്റെ അന്തസത്ത എന്നായിരുന്നു. ഈ പ്രപഞ്ചം മുഴുവൻ സ്രഷ്ടാവിൻ്റെ സൃഷ്ടിയാണെന്നും ഒന്നിനെയും വില കുറച്ചു കാണാനോ അവമതിക്കാനോ നമുക്ക് അർഹതയില്ലെന്നുമായിരുന്നു അവരുടെ ഓരോ അധ്യാപനങ്ങളുടെയും കാതൽ.
(എസ്. വൈ. എസ് സംസ്ഥാന പ്രസിഡന്റും ജാമിഉൽ ഫുതൂഹ്-ഇന്ത്യൻ ഗ്രാൻഡ് മസ്ജിദ് ഇമാമുമാണ് ലേഖകൻ)