ഇസ്ലാമിനെ മുൻ വിധികളില്ലാതെ വായിക്കണം; ഇന്ത്യൻ ഗ്രാൻഡ് മുഫ്തി


കോഴിക്കോട്: മനുഷ്യരുടെ ആത്യന്തിക പുരോഗതി ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ നടത്തുന്ന ഇസ്ലാമിക സമൂഹത്തിൻ്റെ വ്യവഹാരങ്ങളെയും നിലപാടുകളെയും അടുത്തറിയാനും മുൻവിധികളില്ലാതെ മനസ്സിലാക്കാനും പൊതു സമൂഹം തയ്യാറാകേണ്ടതുണ്ടെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. സമസ്ത സെന്റിനറിയുടെ ഭാഗമായി 'ഖൽബിലുണ്ട് എന്റെ നബി' എന്ന പ്രമേയത്തിൽ മുഹമ്മദ് നബിയുടെ 1501-ാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് മർകസ് സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിൽ വാർഷിക മദ്ഹുറസൂൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മാനവികതയിലും നീതിയിലും അധിഷ്ഠിതമായ സമഗ്രമായ ഒരു സാംസ്കാരിക-സാമൂഹിക നാഗരിക മുന്നേറ്റമാണ് മുഹമ്മദ് നബി സാധ്യമാക്കിയത്. സാമൂഹിക തലത്തിൽ സാഹോദര്യവും സ്നേഹവും സമത്വവും സ്ഥാപിക്കാൻ ഇസ്ലാമിന് സാധിച്ചു. കരുണാർദ്രമായ ഒരു സാമൂഹിക ഘടനയാണ് ഇസ്ലാം ലോകത്തിന് പരിചയപ്പെടുത്തിയത്.
ഇസ്ലാമിക സംഘടനകളും മുസ്ലിംകളും അവയുടെ തുടർച്ചക്കും ആവിഷ്കാരത്തിനുമായാണ് സമൂഹത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. സ്ത്രീകളും, വയോജനങ്ങളും കുട്ടികളുമടങ്ങിയ വിഭാഗം പ്രത്യേകം പരിഗണന അർഹിക്കുന്നുണ്ട്. അവരുടെ സുരക്ഷിതത്വം മതം പ്രധാനമായി കാണുന്നു. അതിനാൽ അവരുടെ ക്ഷേമത്തിനായുള്ള ആശയങ്ങൾ കൂടുതലായി ഉണ്ടാകേണ്ടതുണ്ട്.
ജീവിതത്തിൻ്റെ വിവിധ ഘട്ടങ്ങളിൽ മനുഷ്യൻ പുലർത്തേണ്ട മര്യാദകളാണ് മതത്തിൻ്റെ പ്രയോഗരൂപം. കുടുംബത്തിനകത്തും പുറത്തും
പാലിക്കേണ്ട അച്ചടക്കങ്ങളുണ്ട്. തൊഴിൽ രംഗത്തും മറ്റു മേഖലകളിലും പുലർത്തേണ്ട മര്യാദകളുമുണ്ട്. സ്ത്രീകളും പുരുഷൻമാരും കുട്ടികളും മുതിർന്നവരും സ്വീകരിക്കേണ്ട അച്ചടക്കങ്ങളുമുണ്ട്. ഇതെല്ലാം വിശ്വാസികളെ നിരന്തരം ഉണർത്തൽ പണ്ഡിതന്മാരുടെയും പ്രബോധകരുടെയും ദൗത്യമാണ്. അത് ഉപേക്ഷിക്കാവുന്നതല്ല.
മതത്തിൻ്റെ പെരുമാറ്റ ചട്ടങ്ങൾ ഉണർത്തുക എന്നാൽ നിർബന്ധിക്കലല്ലല്ലോ. വിശ്വാസികൾക്ക് സ്വീകരിക്കാം. പക്ഷേ വിശ്വാസ കാര്യങ്ങൾ പറയാനുള്ള ജനാധിപത്യ രാജ്യത്തെ അവകാശം ആർക്കും റദ്ദ് ചെയ്യാനാകുന്നതല്ല. ആരോഗ്യകരമായ സംവാദങ്ങളും നിർമാണാത്മകമായ അജണ്ടകളുമാണ് നമുക്കിടയിൽ വികസിക്കേണ്ടത്. -ഗ്രാൻഡ് മുഫ്തി പറഞ്ഞു.
സമൂഹം പല രീതിയിലുള്ള പ്രതി സന്ധികളിലൂടെയാണ് സഞ്ചരിക്കുന്നത്. യുദ്ധവും സംഘർഷങ്ങളും സാമൂഹിക അസ്ഥിരതയും മൂല്യങ്ങളുടെ തകർച്ചയും ഉണ്ടാക്കുന്ന പരിക്കുകൾ വലുതാണ്. അതിജീവനത്തിനായി സ്വയം പര്യാപ്തതക്ക് ആവശ്യമായ കാര്യങ്ങളിൽ കേന്ദ്രീകരിക്കേണ്ടതുണ്ട്. മിതവ്യയത്തിൻ്റെ മാതൃകകൾ ഉണ്ടായി വരേണ്ടതുണ്ട്. സമാന്തര സാമ്പത്തിക ക്രമം ശക്തിപ്പെടേണ്ടതുമുണ്ട്. കൂടുതൽ കരുതൽ പുലർത്തുന്ന സമൂഹമായി നമ്മൾ മാറണം. ബദലുകൾ കൊണ്ട് പരിഹാരം നിർമിക്കണം. മുഹമ്മദ് നബിയിൽ അതിനെല്ലാമുള്ള മാതൃകകൾ നമുക്ക് കണ്ടെടുക്കാൻ കഴിയുമെന്നും അവയെ അറിയാനും പഠിക്കാനും പരിശ്രമിക്കണമെന്നും ഗ്രാൻഡ് മുഫ്തി പറഞ്ഞു.