കോൺഫാബ് 3.0 ഒക്ടോബർ 1-ന് മർകസിൽ


കോഴിക്കോട്: മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസ് അലുംനി സംഘടനയായ അത്ഖ സംഘടിപ്പിക്കുന്ന സമ്പൂർണ്ണ പൂർവ്വ വിദ്യാർഥി സംഗമം ‘കോൺഫാബ് 3.0’ ഒക്ടോബർ 1-ന് മർകസില് നടക്കും.
രാവിലെ 9.30-ന് ആരംഭിക്കുന്ന സംഗമത്തിൽ ഹാഫിസ് അബൂബക്കർ സഖാഫി പന്നൂർ അധ്യക്ഷത വഹിക്കും. മർകസ് സെക്രട്ടറി സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും.
ഹാഫിസ് അബ്ദുസമദ് സഖാഫി മൂർക്കനാട് സംഘടനയുടെ വിഷൻ – മിഷൻ അവതരിപ്പിക്കും. സംഘടനയുടെ അടുത്ത കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെയും ചടങ്ങിൽ പ്രഖ്യാപിക്കും.
സമാപന സെഷനിൽ സുൽത്താനുൽ ഉലമ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും. വിശുദ്ധ ഖുർആൻ ഉൾക്കൊണ്ട് ജീവിതം നയിക്കേണ്ടതിന്റെ ആവശ്യകതയും ഖുർആനിക മേഖലയിൽ പാലിക്കേണ്ട ചിട്ടകളും അദ്ദേഹം വിശദീകരിക്കും.
മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. തുടർന്ന് മർകസ് വർക്കിംഗ് സെക്രട്ടറിയും മർകസിലെ ആദ്യകാല ഹാഫിളുകളിൽ ഒരാളുമായ ഡോ. അബ്ദുൽ ഹക്കീം അസ്ഹരി, മർകസ് ഡയറക്ടർ സി.പി ഉബൈദുല്ല സഖാഫി, ചിയ്യൂർ മുഹമ്മദ് മുസ്ലിയാർ, ഖാരിഅ് മുഹമ്മദ് ഹനീഫ് സഖാഫി, ഖാരിഅ് ബഷീർ സഖാഫി, മർകസ് സെൻട്രൽ അലുംനി സെക്രട്ടറി സി.കെ. മുഹമ്മദ് എന്നിവർ സംബന്ധിക്കും.
1987 മുതൽ 2022 വരെ മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ പഠിച്ച പൂർവ്വ വിദ്യാർഥികൾ വിവിധ ബാച്ചുകളിലായി 35 ബാച്ച് സംഗമങ്ങൾ പൂർത്തിയാക്കി ബാച്ച് കമ്മിറ്റികൾ രൂപീകരിച്ചതിന് ശേഷമാണ് ഈ വർഷത്തെ കോൺഫാബ് സംഘടിപ്പിക്കുന്നത്. ആയിരത്തിയഞ്ഞൂറിലധികം പൂർവ്വ വിദ്യാർഥികൾ പങ്കെടുക്കുന്ന സംഗമം ഖുർആൻ പഠന പാരമ്പര്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പൂർവ്വ വിദ്യാർഥികൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുമുള്ള വേദിയാകും.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം