സർവർക്കും കാരുണ്യമാണ് മുഹമ്മദ് നബി(സ്വ) യുടെ നിയോഗമെന്ന് വിശുദ്ധ ഖുർആൻ 21- 107 ൽ പറയുന്നുണ്ട്. മുസ്ലിംകൾക്ക് മാത്രമല്ല മറ്റുള്ളവർക്കും കാരുണ്യമാണ് അവിടുത്തെ നിയോഗമെന്നാണ് പ്രസ്തുത വചനത്തിൻ്റെ വിവക്ഷ. ( തഫ്സീർ ത്വബരി ) ബഹുദൈവ വിശ്വാസികൾക്കെതിരെ പ്രാർത്ഥിക്കാനാവശ്യപ്പെട്ടവർക്ക് അവിടുന്ന് ഇപ്രകാരമാണ് മറുപടി നൽകിയത്: ശാപ പ്രാർഥനക്കല്ല, കരുണ ചെയ്യാനാണ് ഞാൻ നിയോഗിക്കപ്പെട്ടിട്ടുള്ളത് (മുസ് ലിം 2599).
മതമേതായാലും മതമേതുമില്ലെങ്കിലും സർവ്വ മനുഷ്യരെയും മനുഷ്യരായി ഉൾകൊള്ളുകയും മാനുഷിക പരിഗണ നൽകുകയും വേണമെന്നാണ് മുഹമ്മത് നബി (സ്വ) യുടെ അധ്യാപനം. ഇസ്ലാം സത്യമാണ്. എന്നാൽ ഈ സത്യം സ്വീകരിക്കാൻ ബലപ്രയോഗം പറ്റില്ലെന്നും മരണത്തിനപ്പുറമുള്ള ജീവിതത്തിൽ രണ്ടിൻ്റെയും ഫലം രണ്ടാണെങ്കിലും ഭൗതിക ലോകത്ത് ഇസ് ലാം സ്വീകരിക്കാനും നിരസിക്കാനുമുള്ള അവസരമുണ്ടെന്നും നബി (സ്വ) വ്യക്തമാക്കി. വിശുദ്ധഖുർആൻ 2 -256- , 10-99 വചനങ്ങളിൽ ഇത് കാണാവുന്നതാണ്.
വർഗ്ഗീയതയുടെ പേരിൽ, സ്വന്തം സമുദായത്തോടുള്ള താൽപര്യാർത്ഥം ഏതെങ്കിലും വ്യക്തിയോടോ സമുദായത്തോടോ അനീതി ചെയ്തു പോകരുതെന്ന് അവിടുന്ന് താക്കീത് ചെയ്തു. ( വിശുദ്ധ ഖുർആൻ 5- 8 ) അക്രമത്തിനും അനീതിക്കും സ്വന്തം സമുദായഗംങ്ങളെ പിന്തുണക്കുന്നതും സഹായിക്കുന്നതും വർഗ്ഗീയയാണെന്നും വർഗ്ഗീയതയിലേക്ക് ക്ഷണിക്കുന്നവനും വർഗ്ഗീയതയുടെ പേരിൽ കലാപമുണ്ടാക്കുന്നവനും വർഗ്ഗീയതയിൽ മരണം വരിക്കുന്നവനും എൻ്റെ അനുയായിയല്ലെന്ന് മുഹമ്മത് നബി ( സ്വ )തുറന്ന് പറഞ്ഞിട്ടുണ്ട് (അബൂദാവൂദ്) മറ്റു മനുഷ്യർ തൻ്റെ കരങ്ങളിൽ നിന്നും നാക്കിൽ നിന്നും സുരക്ഷിതരാകുമ്പോഴാണ് ഒരാൾ ഉത്തമമു സ് ലിമാകുന്നതെന്നാണ് അവിടുന്ന് പഠിപ്പിച്ചത് (അഹ്മത്, ഇബ്നു ഹിബ്ബാൻ)
മതത്തിൻ്റെ വേർതിരിവില്ലാതെ മനുഷ്യരെ സഹായിക്കണമെന്നും സഹകരിക്കണമെന്നും മുസലിമിന് സ്വർഗ്ഗം ലഭിക്കാനുപകരിക്കുന്ന പുണ്യമാണതെന്നും അനുയായികളെ പഠിപ്പിച്ചു (ബുഖാരി 2363 മുസ്ലിം 2244) ഭക്ഷണം, വസ്ത്രം, പാർപ്പിടം, രോഗ ചികിത്സ തുടങ്ങിയ മാനുഷിക കാര്യങ്ങളിൽ അമുസ്ലിംകൾക്കും സഹായ - സഹകരണങ്ങൾ നൽകുന്നതിന് യാഥൊരു വിലക്കുമില്ല. അനുവദനീയമായ ജോലികളിലും ഇടപാടുകളിലും അമുസ് ലിംകളുമായി കൂട്ടുകൂടുന്നതിനും ഇടപെടുന്നതിനും വിരോധമില്ല. വ്യക്തിപരമായ സന്തോഷങ്ങളിലും സങ്കടങ്ങളിലും പങ്ക്ചേരാവുന്നതാണ്. രക്തബന്ധം, അയൽപക്ക ബന്ധം എന്നിങ്ങനെയുള്ള ബാധ്യതകൾ അമുസ്ലിംകളോടും നിർവഹിക്കേണ്ടതുണ്ട്.
അമുസ്ലിമായ അയൽവാസിയോടും ബാധ്യതകളുണ്ടെന്നും മാന്യമായി ഇടപെടണമെന്നും മുഹമ്മത് നമ്പി ( സ്വ ) പഠിപ്പിച്ചിരിക്കുന്നു. ( ശുഅബുൽ ഈമാൻ, ബസ്സാർ) ഇസ്ലാമിൽ നിന്ന് പിന്തിരിപ്പിക്കാൻ സമരം ചെയ്യുന്ന മാതാപിതാക്കളോടും മാന്യമായി സമീപിക്കണമെന്നാണ് വിശുദ്ധ ഖുർആൻ 31 -15 ൽ നിർദ്ദേശിച്ചിട്ടുള്ളത്. എന്നാൽ നൻമയിൽ സഹകരണം തിൻമയിൽ നിസഹകരണം എന്നതാണ് വിശുദ്ധമതത്തിൻ്റെ അടിസ്ഥാന നയം. ഇസ്ലാമിന് വിരുദ്ധമായ മറ്റു മതക്കാരുടെ മതപരമായ ആചാര-അനുഷ്ഠാന - ആഘോഷങ്ങളിൽ മുസ്ലിം പങ്ക് ചേരരുതെന്ന് തന്നെയാണ് ഇസ്ലാമിക നിയമം.
തെറ്റാണെന്ന് താൻ വിശ്വസിക്കുന്ന കാര്യത്തിലുള്ള പങ്കാളിത്വം സൗഹാർദ്ധമല്ല; കാപട്യമാണ്. ഇസ്ലാമിന് വിരുദ്ധമായ മറ്റു മതങ്ങളുടെ മതപരമായ ആചാര അനുഷ്ടാനങ്ങളിൽ നിന്ന് അകലം പാലിച്ചു കൊണ്ട് തന്നെ - വിശ്വാസങ്ങളിലും ആചാരാ നുഷ്ഠാനങ്ങളിലും വൈവിധ്യം നിലനിൽക്കെ തന്നെ - മുസ്ലിം വ്യക്തിത്വം സൂക്ഷിക്കുന്നതോടൊപ്പം മാനുഷിക കാര്യങ്ങളിൽ എല്ലാവരോടും സഹകരിക്കുകയും മാന്യമായി നീതിപൂർവ്വം ഇടപെടുകയും ചെയ്യണമെന്ന ബുദ്ധി പരവും പ്രായോഗികവുമായ പാഠങ്ങളാണ് മുഹമ്മത് നബി (സ്വ) പകർന്നു നൽകിയത്. പ്രവാചക വചനങ്ങളിൽ കാരുണ്യ വചനം എന്നറിയപ്പെടുന്ന - ഇസ്ലാമിക ഗുരുവര്യർ ശിഷ്യർക്ക് ആദ്യമായി ചൊല്ലിക്കൊടുക്കാ റുള്ള നബിവചനത്തിൻ്റെ ആശയം ഇപ്രകാരമാണ്; മറ്റുള്ളവർക്ക് കരുണ ചെയ്യുന്നവർക്കാണ് പരമ കാരുണ്യകനായ അല്ലാഹു അനുഗ്രഹംനൽകുന്നത്. ഭൂമിയിലുള്ളവരോടെല്ലാം നിങ്ങൾ കരുണ ചെയ്യുവീൻ എങ്കിൽ ആകാശത്തിൻ്റെ അധിപനായ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കും (അബൂദാവുദ് , അഹ് മത് ' ബൈഹഖി)
(ജാമിഅ മർകസ് ഇസ്ലാമിക് യൂണിവേഴ്സിറ്റി പ്രൊഫസറാണ് ലേഖകൻ)