മതസൗഹാര്‍ദത്തിനായി യോജിച്ചുപ്രവര്ത്തിക്കാനായി മര്‍കസും ശ്രീ നാരായണ വേള്‍ഡ് റിസേർച്ച് ആൻഡ് പീസ് സെന്ററും തമ്മില്‍ ധാരണ


കോഴിക്കോട്: ശ്രീ നാരായണ വേള്‍ഡ് റിസേര്‍ച് ആന്‍ഡ് പീസ് സെന്റർ ചെയര്‍മാനും ശിവഗിരി മഠത്തിലെ മുതിര്‍ന്ന സന്യാസിയുമായ ബ്രഹ്മശ്രീ സ്വാമി വിദ്യാനന്ദ മര്‍കസ് സ്ഥാപനങ്ങളും മര്‍കസ് നോളജ് സിറ്റിയും സന്ദര്‍ശിച്ചു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെയും മര്‍കസിന്റെയും വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സന്തോഷം രേഖപ്പെടുത്തി. മതസൗഹാര്‍ദം നിലനിറുത്തുന്നതിനും വിവിധ മതവിശ്വാസികള്‍ക്കിടയിലെ ബന്ധം ഊഷ്മളമാക്കുന്നതിനും വേണ്ടി തയ്യാറാക്കിയ സംയുക്ത പ്രസ്താവനയില്‍ കാന്തപുരവും സ്വാമി വിദ്യാനന്ദയും ഒപ്പുവെച്ചു. 56 രാഷ്ട്രങ്ങളില്‍ ശ്രീനാരായണ ഗുരുവിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ശ്രീ നാരായണ വേള്‍ഡ് റിസേര്‍ച് ആന്‍ഡ് പീസ് സെന്റർ വിവിധ രാഷ്ട്രങ്ങളിലും ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലും സജീവ പ്രവര്‍ത്തനങ്ങളുള്ള മര്‍കസിന്റെയും നേതൃത്വത്തില്‍ മതസൗഹാര്‍ദ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ചര്‍ച്ചയില്‍ ധരണയായി. മതവും വിശ്വാസവും സമൂഹനന്മ ലക്ഷ്യം വെച്ചുള്ള സംവിധാനങ്ങളായതിനാല് സമാധാനം ഉറപ്പിക്കുന്നതിലും വിശ്വാസികളുടെ ധാര്‍മിക ജീവിത രീതികള്‍ പരിപോഷിപ്പിക്കുന്നതിലാകണം മതനേതൃത്വങ്ങളുടെ ശ്രദ്ധയുണ്ടാകേണ്ടത്. പരസ്പരം തോളോട് തോള് ചേര്‍ന്നുനിന്നാണ് കേരളത്തനിമയെ നാം കെട്ടിപ്പടുത്തത്. മമ്പുറം തങ്ങളും ശ്രീനാരായണ ഗുരുവുമെല്ലാം കേരളത്തിന്റെ സാമൂഹിക ബന്ധങ്ങളെ അഗാധമാക്കുന്നതിനുവേണ്ടി യത്നിച്ച മഹത് വ്യക്തിത്വങ്ങളാണ്. അവരുടെ വഴിയേ പരസ്പരം കൊടുക്കല്‍ വാങ്ങലുകള്‍ നടത്തി, കലര്‍പ്പില്ലാത്ത ഹൃദയ ബന്ധങ്ങള്‍ പുലര്‍ത്തി വേണം മലയാളികള്‍ മുന്നോട്ടുപോകാന്‍: ഇരുവരും പ്രസ്താവനയില്‍ പറഞ്ഞു. മതത്തിന്റെ പേരില്‍ ജനജനങ്ങള്ക്കിടയില് തെറ്റിദ്ധാരണ പടര്‍ത്താന്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രചാരണങ്ങളില്‍ നിന്നും മാറിനില്ക്കാന് ഇരുനേതാക്കളും വിശ്വാസികളോട് ആഹ്വാനം ചെയ്തു. പരസ്പര ഐക്യം കാത്തുസൂക്ഷിച്ചു നാടിന്റെ വികസനത്തിനും സമൂഹത്തിന്റെ മുന്നേറ്റത്തിനും വേണ്ടി ഒരുമിച്ചു നിന്ന് സര്‍ഗാത്മകമായി മുന്നോട്ടു പോകണം. ക്രയശേഷിയിലും ബൗദ്ധികതയിലും ലോകത്ത് വളരെ മുന്നിട്ടുനില്ക്കുന്നവരാണ് മലയാളികള്‍. നമ്മുടെ ഈ സാധ്യതകളെ പ്രയോജനപ്പെടുത്തി കേരളത്തിലും പുറത്തും ഏറ്റവും നല്ല സമൂഹങ്ങളെ പടുത്തുയര്‍ത്താന്‍ കഴിയണം: ഇരുനേതാക്കളും പറഞ്ഞു. ശിവഗിരി ധര്‍മസംഘം ട്രസ്റ്റിലെ മുതിര്‍ന്ന അംഗവും ശിവഗിരി ബ്രഹ്മ വിദ്യാലയത്തിലെ ആദ്യ സന്യാസിയുമാണ് ബ്രഹ്മശ്രീ സ്വാമി വിദ്യാനന്ദ. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, ശ്രീ നാരായണ വേള്‍ഡ് റിസേര്‍ച് ആന്‍ഡ് പീസ് സെന്റർ ജനറല്‍ സെക്രട്ടറി ബിജു ദേവരാജ്, മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, ശ്രീ നാരായണ വേള്‍ഡ് റിസേര്‍ച് ആന്‍ഡ് പീസ് സെന്റർ അഡൈ്വസര്‍ ആന്‍ഡ് ട്രസ്റ്റി അഡ്വ അനില്‍ തോമസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ജാമിഅ മദീനതുന്നൂർ ഇൻ്റർസ്റ്റേറ്റ് ആനുവൽ കോൺഫ്ലുവൻസ് 2026 സമാപിച്ചു...