ഫുള്‍ബ്രൈറ്റ് ഫെല്ലോ ഡോ. ഷമീര്‍ നൂറാനി ജാമിഅ മദീനതുന്നൂര്‍-നോളജ് ഗാര്ഡന് അക്കാദമിക് ഡയറക്ടര്‍

ഡോ. ഷമീര്‍ നൂറാനി

ഡോ. ഷമീര്‍ നൂറാനി
കോഴിക്കോട്: ഫുള്‍ബ്രൈറ്റ് ഫെല്ലോഷിപ്പ് ജേതാവ് ഡോ. ഷമീര്‍ നൂറാനിയെ ജാമിഅ മദീനതുന്നൂര്‍ നോളജ് ഗാര്ഡന് അക്കാദമിക് ഡയറക്ടറായി നിയമിച്ചു. അമേരിക്കയിലെ വാഷിങ്ടണ്‍ ഡി സിയിലെ അമേരിക്കന്‍ സര്‍വകലാശാലയില്‍ ഫുള്‍ബ്രൈറ്റ്-നെഹ്റു പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പിന്റെ ഭാഗമായി നടത്തിയ ഗവേഷണം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് നിയമനം.
ജാമിഅ മദീനതുന്നൂര്‍ ഇരുപത്തഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ മലപ്പുറത്ത് ആരംഭിക്കുന്ന നോളജ് ഗാര്ഡന് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഡര്‍ഷിപ്പ് ക്യാമ്പസിന്റെ അക്കാദമിക ചുമതല അദ്ദേഹത്തിനാകും. നോളജ് ഗാര്‍ഡനില്‍ പുതുതായി ആരംഭിക്കുന്ന ഗ്ലോബല്‍ ഇസ്ലാമിക് ലീഡര്‍ഷിപ്പ് കോഴ്സ്, വിഷണറി ലീഡര്‍ഷിപ്പ് കോഴ്സ് എന്നിവ ഉള്‍പ്പെടെ മള്‍ട്ടി ഡിസിപ്ലിനറി സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പ്രോഗ്രാമുകളിലൂടെ ഇന്ത്യയെ ഗ്ലോബല്‍ ലീഡര്‍ഷിപ്പ് ക്യാപിറ്റലിന്റെ പ്രധാന ഇടമായി മാറ്റുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അന്താരാഷ്ട്ര വിനിമയങ്ങള്‍ക്ക് ഡോ. ഷമീര്‍ നൂറാനിയുടെ പ്രവൃത്തി പരിചയവും അക്കാദമിക സംഭാവനകളും മുതല്‍കൂട്ടാകും. കൂടാതെ, ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന 50 ല്‍ പരം മദീനതുന്നൂര്‍ ക്യാമ്പസുകളുടെ അക്കാദമിക പുരോഗതി, അന്താരാഷ്ട്ര വ്യാപനം, ജാമിഅ മദീനതുന്നൂര്‍ ഫിനിഷിങ് പ്രോഗ്രാം, പാഠ്യപദ്ധതി വികസനം എന്നിവ കൂടി അദ്ദേഹം നിര്‍വഹിക്കും.
ജാമിഅ മദീനതുന്നൂര്‍ ഫൗണ്ടര്‍ കം റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മദീനതുന്നൂര്‍ ഗവേണിങ് ബോഡിയാണ് നിയമനം സംബന്ധിച്ച തീരുമാനമെടുത്തത്. പത്താം ക്ലാസിന് ശേഷം പൂനൂര് ജാമിഅ മദീനതുന്നൂറില്‍ നിന്ന് ഇസ്ലാമിക് സ്റ്റഡീസ് പഠനം പൂര്‍ത്തിയാക്കിയ ഡോ. ഷമീര്‍ നൂറാനി ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദവും എം ഫിലും പി എച്ച് ഡിയും നേടി. ഇസ്റാഈല്‍-ഫലസ്തീന് സംഘര്‍ഷങ്ങളെ മുന്‍നിര്‍ത്തി അന്താരാഷ്ട്ര തര്‍ക്ക പരിഹാരത്തിനുള്ള ഇസ്ലാമിക കര്‍മശാസ്ത്ര സമീപനങ്ങളെ കുറിച്ചായിരുന്നു പി എച്ച് ഡി. ശേഷം അമേരിക്കന്‍ സര്‍വകലാശാലയിലെ രണ്ട് വര്‍ഷത്തെ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തില്‍ ‘ഇസ്റാഈലിനോടുള്ള അമേരിക്കന്‍ സമീപനത്തെക്കുറിച്ച് അമേരിക്കയിലെ മുസ്ലിം സമൂഹത്തിനിടയിലെ നിലപാടുകള്‍’ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹം പഠനം നടത്തിയത്.
അമേരിക്ക, അര്‍മേനിയ, ഹോങ്കോങ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന അന്താരാഷ്ട്ര സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ഡോ. ഷമീര്‍ നൂറാനി ഇംഗ്ലീഷിലും മലയാളത്തിലുമായി ഇതിനകം എട്ട് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കൂടാതെ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റൂട്ട്ലെഡ്ജ് പബ്ലിഷേഴ്സ് അദ്ദേഹത്തിന്റെ പി എച്ച് ഡി ഗവേഷണപ്രബന്ധം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേംബ്രിഡ്ജ്, സ്പ്രിംഗര്‍, ടെയ്ലര് & ഫ്രാന്‍സിസ് തുടങ്ങിയ പ്രമുഖ പ്രസാധകര് പ്രസിദ്ധീകരിക്കുന്ന അക്കാദമിക ജേര്‍ണലുകളുടെ എഡിറ്റോറിയല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ അദ്ദേഹം നേരത്തെ കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസിലെ പശ്ചിമേഷ്യന്‍ പഠന വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്നു.
കോഴിക്കോട് രാമല്ലൂര്‍ സ്വദേശികളായ അസീസ്-സീനത്ത് ദമ്പതികളുടെ മകനാണ് ഡോ. ഷമീര്‍ നൂറാനി. ഭാര്യ: ഉമ്മു ഹബീബ. മക്കള്‍: ബിശ്റുല്‍ ഹാഫി, ഇനായ മെഹവിഷ്.
മർകസ് ഖുർആൻ അക്കാദമി പൂർവ വിദ്യാർഥി സംഗമം സമാപിച്ചു ...