കോഴിക്കോട്: അറിവിന്റെ സംസ്കാരത്തെ കെട്ടിപ്പടുക്കുകയാണ് ഇന്നത്തെ കാലത്ത് മനുഷ്യ സ്നേഹികളുടെ ദൗത്യമെന്ന് യു എ ഇ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുല്‍ ഹാശിമി. വിജ്ഞാനത്തിന്റെ നാഗരികതയെ പുനര്ജീവിപ്പിക്കുന്നതിലൂടെ മാത്രമേ സംഘര്‍ഷങ്ങളുടെ കാലത്ത് സമാധാന പൂര്‍ണ്ണമായ സംവാദങ്ങള്‍ സാധ്യമാവുകയുള്ളൂ. മര്‍കസ് റൂബി ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. വൈജ്ഞാനിക വിനിമയ രംഗത്ത് മര്‍കസ് നടത്തിയ സേവനങ്ങള്‍ ഇന്താ-അറബ് ബന്ധത്തെ സുദൃഢമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 20 രാജ്യങ്ങളില്‍ നിന്നുള്ള പണ്ഡിതരും പൊതുപ്രവര്‍ത്തകരും സംബന്ധിച്ച ചടങ്ങോടെ നാല്പതാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് പ്രൗഢമായ തുടക്കമായി. നാല് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ വിവിധ സെഷനുകളിലായി രാജ്യാന്തര പ്രമുഖരും പണ്ഡിതരും രാഷ്ട്രീയ നേതാക്കളും സംബന്ധിക്കും. പുതുതായി നിര്‍മിച്ച മര്‍കസ് ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂളിന്റെ ഹൈടക് ബ്ലോക് ഉദ്ഘാടനം പത്മശ്രി. എം എ യൂസുഫ് അലി നിര്‍വ്വഹിച്ചു. മാനുഷിക മൂല്യങ്ങളും സാംസ്കാരിക പാരമ്പര്യങ്ങളും നഷ്ടമാകുന്നിടത്താണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നതെന്നും സമൂഹത്തിന്റെ ബഹുസ്വരത നിലനിര്‍ത്തുന്നതില്‍ പണ്ഡിത സമൂഹം നിര്‍വ്വഹിക്കുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. ദുര്‍ബല വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിലും സാമൂഹിക നീതി ഉറപ്പാക്കുന്നതിനും വേണ്ടി നിലകൊണ്ട പ്രസ്ഥാനമാണ് മര്‍കസെന്നും അദ്ധേഹം പറഞ്ഞു. തുനീഷ്യയിലെ സൈതൂന യൂണിവേഴ്സിറ്റി വൈസ് ചാന്‍സ്്ലര്‍ ഡോ. ഹിശാം അബദുല്‍ കരീം ഖരീസ, ചൈനയിലെ സൂഫീ സാംസ്കാരിക കേന്ദ്രത്തിന്റെ ഡയറക്ടര്‍ മാമിന്‍യോങ്, ഒമാന്‍ ശൂറാ കൗണ്‍സില്‍ അംഗം ശൈഖ് നാസിര്‍ ബിന്‍ റാശിദ് അല്‍അബ്രി, മലേഷ്യന്‍ അന്താരാഷ്ട്ര സൂഫീ കേന്ദ്രം സഹകാര്യദര്‍ശി ശൈഖ് അബ്ദുല്‍ കരീം ഉസ്മാന് ബിന്‍ യഹ്യാ ബിന്‍ അബ്ദാന് അല്‍ശഹ്രി തുടങ്ങിയവര്‍ പ്രസംഗിച്ചു. മര്‍കസ് പ്രസിഡന്റ് അധ്യക്ഷം വഹിച്ച ചടങ്ങില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍, സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോള്‍, എസ് എസ് എ ഖാദര്‍ ഹാജി, മന്‍സൂര്‍ ഹാജി ചെന്നൈ തുടങ്ങിയവര്‍ സംബന്ധിച്ചു.