ന്യൂനപക്ഷ അനുപാതം സ്കോളർഷിപ്പിൽ മാത്രം ഒതുങ്ങേണ്ടതല്ല: ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി


കോഴിക്കോട്: ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതത്തിൽ മാറ്റം വരുത്തിയ സംസ്ഥാന സർക്കാർ നടപടി ധൃതിപിടിച്ചെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി. കോടതി വിധിയുടെ പാശ്ചാത്തലത്തിൽ സാമൂദായിക സംഘടനകളുമായി കൂടിയാലോചനകളുണ്ടാകുമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനമെങ്കിലും ഇത്തരത്തിലൊരു നടപടി ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. നൂറ് ശതമാനം മുസ്ലിം സമുദായത്തിന് ലഭിക്കേണ്ടിയിരുന്ന അവകാശം വെട്ടിക്കുറിച്ചത് സാമുദായിക സന്തുലിതാവസ്ഥയെ ബാധിക്കും. ഇക്കാര്യത്തിൽ പുനരാലോചന ആവശ്യപ്പെട്ട് സർക്കാറിനെ സമീപിക്കും. നിയമപരമായി എന്ത് ചെയ്യാൻ കഴിയുമെന്നതിനെക്കുറിച്ചും ആലോചിക്കും. ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് കോടതിയെ ബാധ്യപ്പെടുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്നത് വസ്തുതയാണ്. സാമുദായിക സംഘടനയെന്ന നിലക്ക് ഈ വിഷയത്തിൽ രാഷ്ട്രീയമില്ല. ന്യൂനപക്ഷങ്ങൾക്ക് ആനുകൂല്യങ്ങൾ ജനസംഖ്യാനുപാതികമായി നൽകുകയെന്ന നിർദ്ദേശം സ്കോളർഷിപ്പിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല. നിയമനങ്ങൾ, സ്ഥാപനങ്ങൾ അനുവദിക്കൽ തുടങ്ങിയ ധാരാളം കാര്യങ്ങൾ ഈ തരത്തിലുണ്ട്. കൂടാതെ, കോശി കമ്മീഷൻ, പരിവർത്തന ക്രിസ്ത്യൻ വികസന കോർപറേഷൻ തുടങ്ങിയവ നിർത്തിവെക്കേണ്ടതുണ്ടോയെന്നും ചർച്ച ചെയ്യേണ്ട വിഷയമാണ്. എന്നാൽ, വിവാദം സാമുദായിക സ്പർധക്ക് കാരണമാകരുത്. ഓരോ സമുദായത്തിന്റെയും അവകാശങ്ങൾ ആവശ്യപ്പെടേണ്ടതും വാങ്ങിക്കേണ്ടതും ഓരോ സമുദായ നേതൃത്വമാണ്. അത് മറ്റ് സമുദായങ്ങളെ അവമതിച്ചുകൊണ്ടാകരുത്. ക്രിസ്ത്യൻ മത മേലധ്യക്ഷൻമാരുമായി ചർച്ച നടത്തിയതായും ഹകീം അസ്ഹരി പറഞ്ഞു.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം