മര്‍കസ് നോളജ് സിറ്റിയില്‍ മഹല്ല് ലീഗല്‍ സര്‍വീസ് സെല്‍ ആരംഭിച്ചു.

മഹല്ല് ലീഗല്‍ സര്‍വീസ് സെല്ലിന്റെ ഉദ്ഘാടനം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നിര്‍വഹിക്കുന്നു.

മഹല്ല് ലീഗല്‍ സര്‍വീസ് സെല്ലിന്റെ ഉദ്ഘാടനം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നിര്‍വഹിക്കുന്നു.
നോളജ് സിറ്റി: മഹല്ലുകള്‍ക്കും മഹല്ല് സംവിധാനങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും നിയമ- ഭരണപരമായ കാര്യങ്ങളില്‍ ആവശ്യമായ മാര്‍ഗനിര്‍ദേശവും സേവനങ്ങളും ലഭ്യമാക്കുന്നതിനായി മര്‍കസ് നോളജ് സിറ്റിയുടെ നേതൃത്വത്തില്‍ 'മഹല്ല് ലീഗല്‍ സര്‍വീസ് സെല്‍' ആരംഭിച്ചു. മഹല്ല് കമ്മിറ്റികള്‍, സ്ഥാപനങ്ങള്‍, ട്രസ്റ്റുകള്‍, സൊസൈറ്റികള്‍ എന്നിവയുടെ നിയമപരമായ രേഖകളും സാമ്പത്തിക- ഭരണപരമായ നടപടിക്രമങ്ങളും കൃത്യമായി പരിപാലിക്കുന്നതിന് ആവശ്യമായ വിദഗ്ധ സഹായം ലഭ്യമാക്കലാണ് സെല്‍ ലക്ഷ്യമാക്കുന്നത്.
സൊസൈറ്റികളുടെ നിയമപരമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അക്കൗണ്ട് ബുക്കുകള്‍ കൃത്യമായി തയ്യാറാക്കുകയും പുതുക്കുകയും ചെയ്യല്‍, അക്കൗണ്ടുകളുടെ ഓഡിറ്റ്, വാര്‍ഷിക അക്കൗണ്ടുകള്‍ രജിസ്ട്രാറിന് സമര്‍പ്പിക്കല്‍, ബേങ്ക് അക്കൗണ്ട് സംബന്ധമായ കാര്യങ്ങള്‍, പാന്‍ കാര്‍ഡ്, ഇന്‍കം ടാക്സ് വകുപ്പിന്റെ 12എ രജിസ്ട്രേഷന്, ഇന്‍കം ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കല്‍, സ്വത്തുക്കളുടെ രജിസ്റ്റര്‍ പരിപാലിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ക്കും സര്‍വീസ് സെല്‍ മാര്‍ഗനിര്‍ദേശം നല്‍കും.
ഇതിന് പുറമെ മഹല്ലുകളിലും കുടുംബങ്ങളിലും ഉണ്ടാകുന്ന വിവിധ നിയമപരമായ പ്രശ്നങ്ങള്‍ക്ക് ആവശ്യമായ പ്രാഥമിക നിയമോപദേശവും സെല്‍ നല്‍കും. കുടുംബകോടതി സംബന്ധമായ കേസുകള്‍, വിവാഹ- കുടുംബ തര്‍ക്കങ്ങള്‍, അവകാശത്തര്‍ക്കങ്ങള്‍, സ്വത്ത് വിഭജനം, പാരമ്പര്യ സ്വത്ത് സംബന്ധമായ വിഷയങ്ങള്‍ തുടങ്ങിയവയിലും ആവശ്യമായ നിയമസഹായവും വിദഗ്ധരിലേക്കുള്ള റഫറലും ലഭ്യമാക്കും.
മഹല്ല് സംവിധാനങ്ങളെ കൂടുതല്‍ നിയമപരമായും സുതാര്യമായും കാര്യക്ഷമമായും മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. മഹല്ല് കമ്മിറ്റികളുടെ രേഖകള്‍, സാമ്പത്തിക ഇടപാടുകള്‍, സ്വത്തുക്കളുടെ രേഖകള്‍, നികുതി സംബന്ധമായ ബാധ്യതകള്‍ എന്നിവ ക്രമീകരിക്കുന്നതിനും ഭാവിയില്‍ ഉണ്ടാകാവുന്ന നിയമപ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും സെല്‍ സഹായകരമാകുമെന്നാണ് അധികൃതര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നത്.
നിയമബോധവത്കരണം, രേഖാപരിപാലനം, നിയമോപദേശം, കുടുംബനിയമ സഹായം, സ്വത്ത് സംബന്ധമായ മാര്‍ഗനിര്‍ദേശം എന്നിവയെ ഏകോപിപ്പിച്ചുകൊണ്ടുള്ള സേവന സംവിധാനമായിരിക്കും മഹല്ല് ലീഗല്‍ സര്‍വീസ് സെല്‍. ഇതോടൊപ്പം, ലീഗൽ സർവീസുകൾ ലഭ്യമാക്കാനായി +91 6235 998808 എന്ന ഹെൽപ് ലൈൻ നമ്പറും പ്രവർത്തനം ആരംഭിച്ചു.
മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ലീഗല്‍ സര്‍വീസ് സെല്‍ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം